"ഇന്ത്യയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ യുഎസ് എന്തിന് 2.1 കോടി ഡോളര്‍ ചെലവഴിക്കണം? എനിക്കു തോന്നുന്നത് അവര്‍ (ബൈഡന്‍ ഭരണകൂടം) മറ്റാരോ തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി ശ്രമിച്ചെന്നാണ്. ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്. ഇതൊരു വഴിത്തിരിവുമാണ്"~ ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നല്‍കിവന്ന ഫണ്ട് റദ്ദാക്കാന്‍ ഇലോണ്‍ മസ്ക് നേതൃത്വം നല്‍കുന്ന ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഗവണ്‍മെന്‍റ് എഫിഷന്‍സി (ഡോജ്) തീരുമാനിച്ചിരുന്നു. ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഫണ്ടും ഇതോടൊപ്പം റദ്ദാക്കി. നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്‍റെ പിന്തുണയോടെ യുഎസ് ഡീപ് സ്റേററ്റ് ഏജന്‍സികള്‍ ശ്രമിച്ചെന്ന് ബിജെപി നേതൃത്വം ഉള്‍പ്പെടെ ആരോപിക്കുന്നുണ്ട്.
പൊതുതെരഞ്ഞെടുപ്പില്‍ ഇടപെടാനും ഭരണം അട്ടിമറിക്കാനും ശതകോടീശ്വരന്‍ ജോര്‍ജ് സോറോസും യുഎസ് ഡീപ് സ്റേററ്റ് ഏജന്‍സികളും ശ്രമിച്ചെന്ന ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. രാജ്യത്തിന്‍റെ പരമാധികാരത്തില്‍ കടന്നുകയറാന്‍ വിദേശ ഭരണകൂടങ്ങള്‍ക്കും ഏജന്‍സികള്‍ക്കും അവസരമൊരുക്കിയവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം ശ്രമിച്ചെന്ന് സൂചന നല്‍കിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് യുഎസില്‍ അധികാരത്തിലെത്തിയ ഉടന്‍ അമെരിക്കന്‍ സഹായം സ്വീകരിച്ചവരുടെ പട്ടിക ഇന്ത്യയ്ക്കു കൈമാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവരുടെയും സന്നദ്ധ സംഘടനകളുടെയും പട്ടികയാണു കൈമാറിയത്. ഇതിലെ പണമിടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ് ഇരു രാജ്യങ്ങളും. പരിശോധന പൂര്‍ത്തിയായാല്‍ നടപടി അടുത്തഘട്ടത്തിലേക്കു കടക്കും. നിലവില്‍ യുഎസ് സഹായം സ്വീകരിച്ച വ്യക്തികള്‍ക്ക് ചോദ്യാവലി അയച്ചു തുടങ്ങി.
പട്ടികയിലുള്ള വ്യക്തികളുടെ വിദേശ യാത്രാ വിവരങ്ങളും തേടിയിട്ടുണ്ട്. ചില അസ്വാഭാവിക പണമിടപാടുകള്‍ കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഇടപെടാനുള്ള വിദേശ ശക്തികളുടെ ശ്രമവും ഇതിലേക്കുള്ള പണമൊവുക്കും ഏറെ ഗൗരവത്തോടെയാണു കേന്ദ്രം കാണുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍.

Comments: